തിരുവമ്പാടി : തിരുവമ്പാടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം നിർത്താതെ കടന്നുകളഞ്ഞ ബൈക്ക് യാത്രികര്‍ക്കായി അന്വേഷണം പോലീസ് ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ടുപേരുടെ സിസിടിവി. ദൃശ്യങ്ങൾ പുറത്തുവിട്ട് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് തിരുവമ്പാടി പോലീസ്.
ഏപ്രിൽ 21നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. തിരുവമ്പാടി കെഎസ്ഇബി. ഓഫീസിന് മുൻവശത്തെ റോഡിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടത്തിന് ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി. ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ബൈക്ക് യാത്രികരുടെ ചിത്രം പോലീസ് ശേഖരിച്ചത്.
ദൃശ്യങ്ങളിലുള്ള ബൈക്ക് ഓടിച്ചിരുന്നയാളെയോ പിന്നിലിരുന്നയാളെയോ തിരിച്ചറിയാൻ കഴിയുന്നവർ 0495 2252038 , 9446430751 നമ്പറുകളില്‍ വിവരം കൈമാറണമെന്ന് പോലീസ് അഭ്യർഥിച്ചു.